Wednesday, January 20, 2016

ദേവാസുരത്തിലെ വാര്യരുടെ വേഷം ഞാന്‍ തന്നെ ചെയ്യണമെന്നുള്ളതും ലാലിന്റെ നിര്‍ബന്ധമായിരുന്നു. 
ഒരിക്കല്‍ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ ഞാനുള്ളപ്പോള്‍ അന്നവിടെ മോഹന്‍ലാലുമുണ്ടായിരുന്നു. ഏതോ പടത്തിന്റെ ഷൂട്ടിംഗിന് വന്നതായിരുന്നു ലാല്‍. അന്ന് വൈകുന്നേരം ലാല്‍ എന്റെ മുറിയിലേക്ക് കയറിവന്നു. എന്നിട്ട് മുഖവുര ഒന്നും ഇല്ലാതെ പറഞ്ഞു.
'ശശി സാര്‍ എന്നെ വച്ച് ഒരു സിനിമ ചെയ്യുന്നു. ദേവാസുരം എന്നാണ് പേര്. രഞ്ജിത്താണ് തിരക്കഥാകൃത്ത്. അതിലൊരു വാര്യരുടെ വേഷമുണ്ട്. അത് നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും.'
ഇത്രയും പറഞ്ഞിട്ട് ലാല്‍ ദേവാസുരത്തിന്റെ തിരക്കഥ എനിക്ക് നേരെ വച്ചുനീട്ടി. ഞാനത് വാങ്ങി.
'നിങ്ങളിത് വായിക്കണം. എന്നിട്ട് അഭിപ്രായം പറയണം. പറ്റുമെങ്കില്‍ നാളെത്തന്നെ.'
അടുത്തദിവസം രാവിലെ എന്നെ കണ്ടപ്പോള്‍ ലാല്‍ തിരക്കി.
'വായിച്ചുകഴിഞ്ഞോ?'
'ഇല്ല. പകുതിയായിട്ടേയുള്ളൂ.'
'നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ തിരിച്ചുതന്നേക്കൂ.' ഒരല്‍പ്പം പരിഭവത്തോടെ ലാല്‍ പറഞ്ഞു.


'ഇല്ല, ഞാന്‍ ഇന്നിരുന്ന് വായിച്ചുതീര്‍ത്തോളാം.'
അടുത്തദിവസം ഞാന്‍ ലാലിനെ കാണാന്‍ അയാളുടെ മുറിയിലേക്ക് പോയി. ദേവാസുരത്തിന്റെ സ്‌ക്രിപ്റ്റ് അയാളെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു.
'ഞാന്‍ വാര്യരുടെ വേഷം ചെയ്യുന്നു, നീലകണ്ഠാ.'
ലാല്‍ ഉടനെ വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
'ഈ വാര്യരെയാണ് എനിക്കിഷ്ടം.'
ദേവാസുരത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ നാളുകളില്‍ വര്‍ക്കൊക്കെ കഴിഞ്ഞ് തിരിച്ച് ഹോട്ടലിലെത്തുമ്പോള്‍ ലാല്‍ പറയും.
'ഇന്ന് ഈ രാത്രി നമ്മള്‍ നീലകണ്ഠനും വാര്യരുമായി ജീവിക്കും.'
ഞാനത് അനുസരിക്കും. കെട്ടിലും മട്ടിലും സംസാരത്തിലുമെല്ലാം ഞങ്ങള്‍ നീലകണ്ഠനും വാര്യരുമായി മാറും. രസകരമായിരുന്നു ആ നാളുകള്‍.

കടപ്പാട് : നാന

No comments:

Post a Comment